കാസർഗോഡ്: കാസർഗോഡ് നഗരത്തിന് സമീപമുള്ള നുള്ളിപ്പാടിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് കുഴിയിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ആളെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഉണ്ടായ സ്ഥലത്ത് നിന്നും കിട്ടിയ ആധാർ കാർഡിൽ മഞ്ജുനാഥ് (46) ബാംഗ്ലൂർ എന്ന വിലാസമാണുള്ളത്.കുഴിയുടെ മുകളിലായി രക്തപ്പാടുകൾ കണ്ടെത്തിയതിനാൽ കൊലപാതകമാണ് എന്ന് സംശയിക്കുന്നു.
നുള്ളിപ്പാടിയിലെ നിർമ്മാണത്തിലിരിക്കുന്ന മൂന്ന് നില കെട്ടിടത്തിലാണ് സംഭവം. ഇന്നലെ രാത്രി ഏകദേശം 10 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ ചിലർ കിടന്നുറങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് അവരെ പരിശോധിക്കാൻ കെട്ടിട ഉടമ സ്ഥലത്തെത്തിയപ്പോഴാണ് ലിഫ്റ്റ് കുഴിയിൽ മൃതദേഹം കാണുന്നത്. തുടർന്ന് ഉടൻ തന്നെ അദ്ദേഹം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
