ആലപ്പുഴയില്‍ അധ്യാപികയ്ക്ക് അണലിയുടെ കടിയേറ്റു



ആലപ്പുഴ: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പാമ്പുകടിയേറ്റുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ പള്ളിപ്പാട്ട് അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് വീട്ടില്‍ സിന്ധുവിനാണ് പാമ്പിന്റെ കടിയേറ്റത്. ഇന്നലെ രാത്രി വീടിന് മുന്‍വശത്തെ ഗേറ്റ് അടയ്ക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് പാമ്പുകടിയേറ്റത്. അണലിയാണ് സിന്ധുവിനെ കടിച്ചത്. തുടര്‍ന്ന് സിന്ധുവിനെ കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്റിവെനം നല്‍കിയിട്ടുണ്ട്. നങ്ങ്യാര്‍കുളങ്ങര എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലെ അധ്യാപികയാണ് സിന്ധു.


ഇരിങ്ങാലക്കുട കാറളത്ത് ഇന്ന് രാവിലെ രണ്ട് പേര്‍ക്ക് പാമ്പുകടിയേറ്റു. കാറളം പുല്ലത്തറ സെന്ററിന് സമീപം വെള്ളേപറമ്പില്‍ വീട്ടില്‍ പ്രസീതക്കാണ് രാവിലെ പാമ്പുകടിയേറ്റത്. പറമ്പിലെ പുല്ല് നീക്കംചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ വീട്ടുക്കാര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെ തന്നെ താണിശ്ശേരി കനാല്‍ ബണ്ടിന് സമീപത്തുവെച്ചാണ് നടവരമ്പ് സ്വദേശിയായ പിടുക്കാട്ടില്‍ സനീഷ് എന്നയാള്‍ക്ക് പാമ്പുകടിയേറ്റത്. കിണര്‍ നിര്‍മ്മാണ തൊഴിലാളിയായ ഇദ്ദേഹം ജോലിക്കായി സാധനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിനായി താണിശ്ശേരിയില്‍ എത്തിയതാണ്. സാധനങ്ങള്‍ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് ഇദ്ദേഹത്തിന് പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴില്‍ വയോധികന് പാമ്പുകടിയേറ്റു. പെരുംകുഴി സ്വദേശി ഭുവനചന്ദ്രന്‍ ആണ് പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ആന്റിവെനം നല്‍കി. തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടുകയും ചെയ്തു. കണ്ണൂര്‍ താഴെ ചൊവ്വയില്‍ പഴക്കടയില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെയാണ് പിടികൂടിയത്. ഇരുട്ട് മുറിയില്‍ കച്ചവടക്കാര്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പഴക്കുലകള്‍ മാറ്റിക്കൊണ്ടിരിക്കവേയാണ് പാമ്പിനെ ശ്രദ്ധയില്‍പ്പെട്ടത്. വനം വകുപ്പ് സ്‌നേക്ക് റെസ്‌ക്യുവര്‍ എത്തി പാമ്പിനെ പിടികൂടി. കോഴിക്കോട് കാരശ്ശേരി അങ്കണവാടിക്ക് സമീപം പാമ്പിനെ കണ്ടെത്തി. അങ്കണവാടിക്ക് തൊട്ടടുത്ത വീട്ടുവളപ്പില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെയാണ് പിടികൂടിയത്. കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് അങ്കണവാടിക്ക് സമീപമാണ് സംഭവം. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വനം വകുപ്പിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യുവര്‍ എത്തി പാമ്പിനെ പിടികൂടി.

Post a Comment

Previous Post Next Post