കൊല്ലം: ആയൂർ വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. കാറിലും ബസിലും സഞ്ചരിച്ചവർക്കാണ് പരിക്കേറ്റത്. വൈകിട്ടോടെയായിരുന്നു അപകടം. ആയൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും കൊട്ടാരക്കരയിൽ നിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കിളിമാനൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ ബസ്സിലുണ്ടായിരുന്ന ഏഴ് പേർക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെത്തുടർന്ന് എം.സി റോഡിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. റോഡിലെ അമിതവേഗതയാണോ അതോ മഴയെത്തുടർന്ന് വഴുക്കലുണ്ടായതാണോ അപകടകാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
