കോഴിക്കോട്: കല്ലുത്താൻകടവ് ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കോട്ടയം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു. കല്ലുത്താൻകടവ് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം മുണ്ടക്കയം സ്വദേശികളായ രണ്ട് യുവാക്കൾളാണ് മരിച്ചത്. മുണ്ടക്കയം പുത്തൻചന്ത പുതുപ്പറമ്പിൽ ഷാജിയുടെ മകൻ നെബീൽ (22), പുത്തൻചന്തയിൽ നജീബ്–നജ്മ ദമ്പതികളുടെ മകൻ അൻസിൽ (21) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം നടന്നത്. കോഴിക്കോട് ഡിജിറ്റൽ മാർക്കറ്റിങ് വിദ്യാർഥികളായ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഗോവിന്ദപുരം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന് തൊട്ടുപിന്നാലെ നെബീലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അൻസിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. നാട്ടിൽ നിന്ന് ചൊവ്വാഴ്ച രാത്രിയോടെ കോഴിക്കോട്ടെത്തിയ ഇരുവരും താമസസ്ഥലത്ത് എത്തിയ ശേഷം ഭക്ഷണം കഴിക്കാൻ പുറത്തേക്ക് പോയപ്പോഴാണ് അപകടം സംഭവിച്ചത്.
സംഭവത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെബീലിന്റെ കബറടക്കം ബുധനാഴ്ച രാത്രി നടന്നു. ഷീജമോളാണ് നെബീലിന്റെ മാതാവ്. സഹോദരൻ: ഫാസിൽ മുഹമ്മദ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
