പാലക്കാട് കവര്‍ച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; 19കാരൻ പിടിയിൽ



പാലക്കാട്: കവര്‍ച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെയാണ് പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്. 66 വയസുകാരിയായ സരസമ്മാളിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം. ജൂണ്‍ പത്തിനാണ് സരസമ്മാളിനെ കാണാതായത്. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകം തെളിഞ്ഞത്. പ്രദേശവാസിയായ യുവാവ് സംഭവത്തില്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കവര്‍ച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച പതിനേഴുകാരനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


സരസമ്മാളിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന്റെ ഭാഗമായുളള അന്വേഷണത്തിലാണ് തിരോധാനം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. തുടര്‍ന്ന് യുവാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യുകയായിരുന്നു. 


പ്രതിയായ യുവാവ് സരസമ്മാളിനെ വീട്ടിലെത്തിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി തീയിട്ട് കത്തിച്ചശേഷം കുഴിച്ചിടുകയായിരുന്നുവെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. 19 വയസുകാരനായ യുവാവും പതിനേഴുവയസുകാരനായ സുഹൃത്തും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.



Post a Comment

Previous Post Next Post