കൊച്ചി: കുമ്പളം ടോൾ പ്ലാസയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കോൺക്രീറ്റ് തൂണിലിടിച്ച് മറിഞ്ഞ് 23 യാത്രക്കാർക്ക് പരിക്കേറ്റു. ചേർത്തലയിൽ നിന്ന് അരൂർ, വൈറ്റില വഴി കലൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് അവധി ദിവസമായതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നു. 40-ലധികം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
ടോൾ പ്ലാസയിലേക്ക് പ്രവേശിക്കുന്നതിനിടെ മീഡിയനിലേക്ക് കയറിയ ബസ് കോൺക്രീറ്റ് തൂണിൽ ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു വശത്തേക്ക് ചരിഞ്ഞ ബസിൽ നിന്ന് തെറിച്ചുവീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്. പ്രധാനമായും മുഖത്തിനും കൈകൾക്കുമാണ് പരിക്കുകൾ. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ 17 പേർ സ്ത്രീകളാണെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗവും ഗ്ലാസും പൂർണമായി തകർന്നു. ബസ് കോൺക്രീറ്റ് തൂണിൽ ഇടിച്ചു നിന്നതിനാലും മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറാതിരുന്നതിനാലും വൻ ദുരന്തം ഒഴിവായി. അപകടത്തിന് പിന്നാലെ പരിക്കേൽക്കാത്ത ബസ് ഡ്രൈവറും കണ്ടക്ടറും സംഭവസ്ഥലത്തുനിന്ന് മാറി.
ബസിന്റെ ബ്രേക്ക് തകരാറിലായതാണോ അപകടത്തിന് കാരണമെന്ന് സംശയമുണ്ട്. ടോൾ പ്ലാസയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. അതേസമയം, ടോൾ പ്ലാസയിലെ ക്യൂ ഒഴിവാക്കാൻ പെട്ടെന്ന് വരികൾ മാറുന്നതും അമിതവേഗതയുമാണ് അപകടത്തിന് കാരണമാകുന്നതെന്നും ഈ മേഖലയിൽ അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു. അപകടത്തെത്തുടർന്ന് മറ്റ് വരികളിലൂടെ വാഹനങ്ങൾ തിരിച്ചുവിട്ടതിനാൽ ഗതാഗത തടസ്സമുണ്ടായില്ല.
