കനത്ത മഴ: ഒക്ടോബർ 26-ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വയനാട്ടിലെ ക്യാമ്പ് സ്കൂളുകൾക്കും അവധി

 


​പാലക്കാട്: സംസ്ഥാനത്ത് തുലാവർഷം കനത്ത സാഹചര്യത്തിൽ ഒക്ടോബർ 26 തിങ്കളാഴ്ച പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ കെ. സുധീർ അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധിയായിരിക്കും.

​പാലക്കാട്ട് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ പ്രൊഫഷണൽ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, റ്റ്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾ തുടങ്ങിയ എല്ലാ പഠനകേന്ദ്രങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച മേളകൾ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പുവരുത്തി വേണം സംഘടിപ്പിക്കാനെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.

​വയനാട്ടിൽ നിലവിൽ മഴയുടെ തീവ്രത കുറഞ്ഞതിനാലാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം അവധി നൽകിയിട്ടുള്ളത്.

​കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം നാളെ പാലക്കാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും വയനാട് ഉൾപ്പെടെ എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെ ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പും കാരണം തീരദേശങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മഴ മുന്നറിയിപ്പ് ഒക്ടോബർ 27 വരെ തുടരും.

Post a Comment

Previous Post Next Post