മലപ്പുറം: വിറക് ശേഖരിക്കുന്നതിനിടെ റബ്ബർ മരത്തിന്റെ കൊമ്പ് തലയിൽ വീണ് സ്കൂൾ വിദ്യാർത്ഥിനി ദാരുണമായി മരിച്ചു. മലപ്പുറം ജില്ലയിലെ കുളത്തൂർ മൂർക്കനാട് പഞ്ചായത്ത് പതിനൊന്നാം വാർഡ് പുന്നക്കാട് ചേരങ്ങത്തൊടി സലീമിന്റെ മകൾ സൻഹ ഫാത്തിമ (12) ആണ് മരണപ്പെട്ടത്.
വളപുരം ജി.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് സൻഹ ഫാത്തിമ.
തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ അപ്രതീക്ഷിതമായി റബ്ബർ മരത്തിന്റെ ഉണങ്ങിയ കൊമ്പ് ഒടിഞ്ഞു കുട്ടിയുടെ തലയിൽ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ വിയോഗത്തിൽ ബന്ധുക്കളും നാട്ടുകാരും സ്കൂൾ അധികൃതരും അഗാധമായ ദുഃഖം രേഖപ്പെടുത്തി.
