തിരുവനന്തപുരം: സ്വന്തം ജീവിതയാത്ര അപ്രതീക്ഷിതമായി അവസാനിച്ചെങ്കിലും എട്ടുപേരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചമാകുകയാണ് 17-കാരനായ രുദ്രേഷ് എസ് ആർ. ബൈക്ക് അപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച പ്ലസ് ടു വിദ്യാർഥിയുടെ ഹൃദയമുൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യാനുള്ള കുടുംബത്തിന്റെ തീരുമാനം എട്ടുപേർക്ക് പുതുജീവിതത്തിന് വഴിയൊരുക്കും.
തിരുവനന്തപുരം കരമന സ്വദേശികളായ സുരേഷ് ബി – രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ കരമന കിളിപ്പാലത്തുണ്ടായ ബൈക്ക് അപകടത്തിലാണ് രുദ്രേഷിന് ഗുരുതരമായി പരിക്കേറ്റത്. യാത്രയ്ക്കിടെ നായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ടായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും പിന്നീട് മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു.
മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷകൾ അവസാനിച്ച വേദനയിലും മറ്റുള്ളവരുടെ ജീവിതം രക്ഷിക്കാനുള്ള മഹത്തായ തീരുമാനമാണ് കുടുംബം കൈക്കൊണ്ടത്.
രുദ്രേഷിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 43 വയസ്സുകാരന് നൽകും. തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഹൃദയം എറണാകുളത്തെത്തിക്കുന്നത്.
ഹൃദയത്തിന് പുറമെ വൃക്കകൾ, കരൾ, പാൻക്രിയാസ്, നേത്രപടലങ്ങൾ എന്നിവയുൾപ്പെടെ എട്ട് അവയവങ്ങളാണ് ദാനമായി നൽകുന്നത്. വൃക്കകളിലൊന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്കയും പാൻക്രിയാസും കരളും കിംസ് ആശുപത്രിയിലേക്കും നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കുമാണ് കൈമാറുന്നത്.
മകന്റെ വേർപാടിന്റെ തീരാവേദനയ്ക്കിടയിലും അപരിചിതരായ എട്ടുപേരുടെ ജീവിതത്തിൽ പ്രതീക്ഷ പകരാൻ തയ്യാറായ ആ മാതാപിതാക്കളുടെ തീരുമാനം സമൂഹത്തിന് വലിയൊരു സന്ദേശമാണ്.
ഒരു ജീവിതം അവസാനിച്ചപ്പോഴും എട്ടുപേർക്ക് ജീവിതം തുടരാനുള്ള അവസരം സമ്മാനിച്ച രുദ്രേഷ് ഇനി എട്ട് ജീവിതങ്ങളുടെ പ്രതീക്ഷയിൽ തുടിക്കും.
രുദ്രേഷിന് ആദരാഞ്ജലികൾ. കുടുംബത്തിന്റെ മഹത്തായ തീരുമാനത്തിന് ഹൃദയം നിറഞ്ഞ ആദരം.
