ചിറ്റൂർ (പാലക്കാട്): പാലക്കാട് ചിറ്റൂരിൽ കുടുംബവഴക്കിനെത്തുടർന്നുണ്ടായ സംഘർഷത്തിലും സംഘം ചേർന്നുള്ള മർദ്ദനത്തിലും യുവാവ് കൊല്ലപ്പെട്ടു. വടകരപ്പതി പരിശിക്കൽ എരുമക്കാര വീട്ടിൽ ജെ. ജയിംസ് രാജ്കുമാർ (38) ആണ് മരിച്ചത്. ആക്രമണത്തിൽ ജയിംസിന്റെ ബന്ധു വടകരപ്പതി വലിയ കള്ളിയമ്പാറ ജെ. ജോണി പ്രവീണിന് (35) വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാവിലെ പ്രവീണിന്റെ സുഹൃത്തും ജയിംസുമായി വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ ജയിംസും പിതൃസഹോദരിയുടെ മകനായ പ്രവീണും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് രാത്രിയോടെ വടിവാളും മുളകുപൊടി കലക്കിയ വെള്ളവുമായെത്തിയ ജയിംസ്, പ്രവീണിന്റെയും ഭാര്യയുടെയും മുഖത്ത് മുളകുപൊടി വെള്ളമൊഴിക്കുകയും പ്രവീണിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.
ജയിംസ് വടിവാളുമായി എത്തുന്നുണ്ടെന്ന വിവരമറിഞ്ഞ് പ്രവീൺ വിളിച്ചുവരുത്തിയ സുഹൃത്തുക്കളും ചില നാട്ടുകാരും ചേർന്ന് ജയിംസിനെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ അടിയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.
മർദ്ദനമേറ്റ് അവശനിലയിലായ ജയിംസിനെയും കൂടെയുണ്ടായിരുന്ന മക്കളെയും അമ്മയെയും പൊലീസ് ജീപ്പിൽ ആദ്യം നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഏഴരയോടെ മരണപ്പെടുകയായിരുന്നു.
തിരുപ്പൂരിൽ പെയിന്റിങ് തൊഴിലാളിയായ ജയിംസ് മാസത്തിലൊരിക്കലാണ് നാട്ടിലെത്താറുള്ളത്. സംഭവസ്ഥലത്തു നിന്ന് വടിവാൾ, മുളകുപൊടി വെള്ളം എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജയിംസിന്റെ ബൈക്ക് തകർത്ത നിലയിലാണ്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണെന്ന് കൊഴിഞ്ഞാമ്പാറ സി.ഐ എസ്. രജീഷ് അറിയിച്ചു.
