നീലേശ്വരം: ദേശീയപാതയിൽ പടന്നക്കാട് നെഹ്റു കോളജിനു മുൻപിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ ദാരുണമായി മരിച്ചു. പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് (22), ആനന്ദകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. അനുരാഗ് നീലേശ്വരം വസന്ത ഹോട്ടലിലെ കാഷ്യറാണ്.
നീലേശ്വരത്ത് നിന്ന് കാഞ്ഞങ്ങാട് തെരുവത്ത് അറയിൽ ഭഗവതി ക്ഷേത്രത്തിൽ തെയ്യം കാണാൻ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. രാത്രി ഒമ്പത് മണിയോടെ പടന്നക്കാട് വെച്ചായിരുന്നു സംഭവം. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
