പാറശാല: വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനിടെ അലങ്കാരദീപത്തിൽ (ഡെക്കറേഷൻ ലൈറ്റ്) നിന്ന് ഷോക്കേറ്റ് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. പാറശാല പവതിയാൻവിള ആശാരിവിള വീട്ടിൽ അരുൺകുമാർ - ഷിബ ദമ്പതികളുടെ മകൻ അഭിനവ് (14) ആണ് മരിച്ചത്. പാറശാല ഗവ. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർഥിയാണ്.
ചെങ്കൽ തോട്ടിൻകരയ്ക്ക് സമീപമുള്ള വിവാഹമണ്ഡപത്തിൽ വെച്ചായിരുന്നു അപകടം. സൽക്കാരത്തിൽ പങ്കെടുക്കവേ മണ്ഡപത്തിൽ സജ്ജീകരിച്ചിരുന്ന അലങ്കാരദീപത്തിന്റെ ലൈനിലെ തുറന്ന വയറിൽ നിന്ന് വിദ്യാർഥിക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
ഉടൻ തന്നെ പാറശാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാറശാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പവതിയാൻവിള സ്വദേശിനിയായ അഭിനയയാണ് പരേതന്റെ സഹോദരി.
