ബസിറങ്ങിയ യാത്രക്കാരിക്ക് അതേ ബസ് ദേഹത്ത് കയറി ദാരുണ അന്ത്യം; പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു



മംഗലാപുരം :  നഗരത്തില്‍ ബെന്‍ഡോര്‍വെല്‍ ജങ്ഷനില്‍ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തില്‍ യാത്രക്കാരി ചതഞ്ഞരഞ്ഞ് മരിച്ചു.

സെന്റ് ആഗ്നസ് സര്‍കിളില്‍ നിന്ന് മംഗ്ളൂറിലേക്ക് വരുകയായിരുന്ന സിറ്റി സര്‍വീസ് ബസ് ഇടിച്ച്‌ ഐറണ്‍ ഡിസൂസയാണ് (65) മരിച്ചത്. സംഭവത്തെത്തുടര്‍ന്ന് യുവാക്കള്‍ സംഘടിച്ച്‌ കങ്കനടി, ബെന്‍ഡോര്‍വെല്‍ ജങ്ഷനുകളില്‍ റോഡ് ഉപരോധിച്ചു.


റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ ഐറണ്‍ ഇറങ്ങിയ അതേ ബസ് ഇടിച്ചു വീഴ്ത്തി ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. പുതിയ സിറ്റി പൊലീസ് കമീഷണര്‍ ചുമതലയേറ്റ ശേഷം കങ്കനടി കവലയില്‍ സ്ഥാപിച്ച സിഗ്നലുകളുടെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ അല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിക്കാന്‍ രംഗത്തില്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാവുന്നു. ഇയാഴ്ച ഈ ജങ്ഷനില്‍ ഇത് രണ്ടാമത്തെ അപകടമാണ്. നേരത്തെ ബസ് ഇടിച്ച്‌ തെറിപ്പിച്ചു വീണ് അമ്മയുടെ സ്കൂട്ടറിന് പിറകില്‍ സഞ്ചരിച്ച 11 വയസുകാരി മരിച്ചിരുന്നു.


പൊലീസ് കമീഷണര്‍ എത്താതെ പിരിഞ്ഞു പോവില്ലെന്ന് ആള്‍ക്കൂട്ടം പ്രഖ്യാപിച്ചു. എംഎല്‍എ എവിടെ എന്നും ചിലര്‍ ചോദിക്കുന്നുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ മുന്‍ എംഎല്‍എ മുഹ്‌യിദ്ദീന്‍ ബാവ രംഗത്ത് വന്നെങ്കിലും കമീഷണര്‍ വരാതെ പിരിഞ്ഞു പോവാന്‍ കൂട്ടാക്കിയില്ല. അദ്ദേഹം കമീഷണറെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം എത്താനാവില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് കമീഷണറെ സന്ദര്‍ശിച്ച ബാവ തിരിച്ചെത്തി. അസി.പൊലീസ് കമീഷണര്‍ മഹേഷ് കുമാര്‍ ഒപ്പമുണ്ടായിരുന്നു പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാം എന്ന ഉറപ്പില്‍ ജനങ്ങള്‍ പിരിഞ്ഞു.

Post a Comment

Previous Post Next Post