തൃശൂർ പാലക്കാട് ദേശീയപാതയിൽ അപകടം; പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
തൃശൂർ പാലക്കാട് ദേശീയപാതയിൽ അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.പാലക്കാട് ആലത്തൂർ സ്വദേശി മനുവാണ് മരിച്ചത്. തൃപ്പുണിത്തുറ കെഎപി വണ്ണിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇന്ന് രാവിലെ പാണഞ്ചേരി വളവിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയിൽ മനു സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് നിന്ന് തൃശൂരിലേക്ക് മീൻ കയറ്റി വരികയായിരുന്ന മിനി ലോറിയിലിടിച്ചാണ് അപകടം. ടയർ പഞ്ചർ ആയതിനെ തുടർന്ന് ലോറി നിർത്തി ടയർ മാറ്റി ഇടാൻ ഉള്ള ഒരുക്കത്തിലായിരുന്നു ലോറി ഡ്രൈവർ. അപകടത്തിൽ പരുക്കേറ്റ ലോറി ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്.