തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പേരൂര്‍ക്കട വഴയില സ്വദേശി അജയ്കുമാറിന്റെ (66) മൃതദേഹമാണ് മണ്ണാന്‍മൂല ഇരുമ്പനത്ത് ലൈനിലെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിന് മുകളില്‍ പഴക്കമുണ്ടെന്നാണ് കരുതുന്നത്. പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം പൂര്‍ണമായിട്ടും കത്തിക്കരിഞ്ഞിട്ടില്ല. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ സംശയം.
ശനിയാഴ്ച രാവിലെ 10 മണിക്ക് ശേഷം പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിടന്ന സ്ഥലത്തിന്റെ സമീപത്തുള്ളയാള്‍ തന്റെ പറമ്പ് വൃത്തിയാക്കാന്‍ എത്തിയപ്പോളാണ് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടത്. തുടര്‍ന്ന് സമീപത്തെ സ്ഥലം പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.