ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു 2 പേർക്ക് പരിക്ക്…. എഴുകോൺ സ്വദേശി ഡ്രൈവറെ ലോറി വെട്ടിപ്പൊളിച്ച് പുറത്തെടുത്തു…


ഹരിപ്പാട് : ദേശീയപാതയിൽ കരുവാറ്റക്ക് സമീപം ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു 2 പേർക്ക് പരിക്ക്. ലോറിയിൽ കുടുങ്ങി കിടന്നവരെ ഹരിപ്പാട് നിന്നെത്തിയ അഗ്നിരക്ഷാ സേനയും സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനോടുവിൽ പുറത്തെടുത്തു. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

കരുവാറ്റ കടുവാൻകുളങ്ങര ജംഗ്ഷനിലാണ് അപകടമുണ്ടായത്. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ എഴുകോൺ സ്വദേശി പ്രസാദിനെ ഏറെ പരിശ്രമത്തിനൊടുവിൽ ലോറി വെട്ടിപ്പൊളിച്ചാണ് ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. കാലിന് ഗുരുതരമായി പരുക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. മൈസൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പഞ്ചസാരയുമായി വന്ന ലോറിയും തിരുവനന്തപുരത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഇൻസുലേറ്റഡ് ലോറിയു തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

പഞ്ചസാരയുമായി വന്ന ലോറിയിലെ സഹായി മൈസൂർ സ്വദേശി ഗജേന്ദ്ര റാവുവിനെയും പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

Previous Post Next Post