കൊല്ലം: പാര്‍ക്കിംഗ് ഗ്രൗണ്ടിലെ ഷെഡിന് തീപിടിച്ച് യാചകന്‍ മരിച്ചു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപമാണ് സംഭവം.
വാക്കനാട് സ്വദേശി സുകുമാരപിള്ളയാണ് മരിച്ചത്. ക്ഷേത്രപരിസരത്ത് ഭിക്ഷാടനം നടത്തി ജിവിക്കുന്ന സുകുമാരപിള്ള സ്ഥിരമായി ഇവിടെയാണ് വിശ്രമിക്കാറുള്ളത്.
ഇന്നലെ രാത്രി പത്ത് മണിയ്ക്ക് ശേഷമാണ് സംഭവം നടന്നത്. റോഡിന് സമീപത്തുകൂടി കടന്നുപോയ യാത്രക്കാരാണ് ഷെഡിന് തീപിടിച്ചത് ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും യാചകനെ രക്ഷിക്കാനായില്ല. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു വൃദ്ധന്റെ മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണ വിളക്കില്‍ നിന്ന് തീപടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിരുന്നു.
