കൊല്ലം: അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അഞ്ച് പേര്‍ അച്ഛന്‍ കോവിലാറിന്റെ മറുകരയില്‍ കുടുങ്ങി കിടക്കുകയാണ്.



തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമഴ തുടരുന്നു. കിഴക്കന്‍ മേഖലയിലാണ് കാര്യമായി മഴ ലഭിക്കുന്നത്. കൊല്ലം കുംഭവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ഒരാള്‍ മരിച്ചു

അഞ്ചു പേരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു. കല്ലാര്‍ മീന്‍മുട്ടിയിലും സഞ്ചാരികള്‍ കുടുങ്ങി. സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന കനത്ത മഴയില്‍ മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം,പത്തംനതിട്ട,ഇടുക്കി, കോട്ടയം ജില്ലകളുടെ കിഴക്കന്‍ ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. പലയിടത്തും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇതോടനുബന്ധിച്ച്‌ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ മഞ്ഞ അലെര്‍ട്ടാണ്.

തിരുവനന്തപുരത്തിന്‍്റെ കിഴക്കന്‍ മേഖലകളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. വിതുരയില്‍ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. മങ്കിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ പ്രദേശത്തെ പലവീടുകളിലും വെള്ളം കയറി. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍ മീന്‍മുട്ടിയില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങി. ഇവരെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു രക്ഷപ്പെടുത്തി.

കല്ലാര്‍ മീന്‍മുട്ടി വെള്ളച്ചാട്ടം കാണുന്നതിനായി പോയ രണ്ട് വണ്ടിയിലായി പോയ ആറ് സ്ത്രീകളും ഒരു കുട്ടിയും അടങ്ങുന്ന ഒന്‍പത് അംഗ സംഘമാണ് ‍കല്ലാര്‍ നദിക്ക് അപ്പുറം കുടങ്ങിയത്. ചപ്പാത്തില്‍ വെള്ളം കുറയുന്നതിന് അനുസൃതമായി ഇവരുടെ വണ്ടി തിരികെ കൊണ്ടു വരാന്‍ കഴിയും എന്ന് പൊലീസ് അറിയിച്ചു. ഇവരെ തത്കാലം സമീപത്തെ വീടുകളിലേക്ക് എത്തിച്ചു.

വിതുര വില്ലേജില്‍ കല്ലാറിന് സമീപം എത്തിയ സഞ്ചാരികളായ യുവാക്കള്‍ പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ കുടുങ്ങി. ഇവരെ വിതുര സ്റ്റേഷനിലെ പൊലീസുകാര്‍ എത്തി രക്ഷപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാം ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ ആയി ഉയര്‍ത്തി. കനത്ത മഴയെ തുടര്‍ന്ന് രാത്രി 7 30 ഓടെയാണ് 2.5 സെന്റീമീറ്റര്‍ വീതം നാലു ഷട്ടറുകളും ഉയര്‍ത്തിയത്. നെയ്യാറിന്റെ ഇരു കരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് വൈകിട്ട് കൊല്ലം ആര്യങ്കാവ് അച്ചന്‍കോവിലാറിലെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒരാള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളച്ചാട്ടം കാണാനെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.

വനത്തില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ സഞ്ചാരികള്‍ അപകടത്തില്‍പ്പെട്ടത്. തമിഴ്നാട് മധുരൈ സ്വദേശിയായ കുമാരനാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഈറോഡ് സ്വദേശയായ കിഷോറിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. അപകടത്തിന്‍്റെ പശ്ചാത്തലത്തില്‍ അച്ചന്‍കോവിലാറില്‍ വിനോദസഞ്ചാരികള്‍ ഇറങ്ങുന്നത് വിലക്കി വനംവകുപ്പ് ഉത്തരവിറക്കി.

പത്തനംതിട്ടയുടെ കിഴക്കന്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. നദികളിലും, അണക്കെട്ടുകളിലും നിലവില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. മേലുകാവ് , മൂന്നിലവ് പഞ്ചായത്തുകളില്‍ മഴ ശക്തമായി തുടരുന്നു. എരുമേലി സംസ്ഥാന പാതയില്‍ കരിനിലത്ത് തോട് കര കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മൂന്നിലവ് ടൗണിന് സമീപത്തെ തോട് നിറഞ്ഞ് ടൗണില്‍ വെള്ളം കയറി. എന്നാല്‍ കാര്യമായ നാശനഷ്ടങ്ങളില്ല. കോട്ടയം ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് ആണ്.

കനത്ത മഴയെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്‍്റെ മൂന്ന് സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തും. സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന അറിയിപ്പിനെ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയിലാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. രാവിലെ 11 മണിക്ക് 3 ഷട്ടറുകള്‍ ഇരുപത് സെമീ വീതം ഉയര്‍ത്തി വെള്ളം ഒഴുക്കും. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാന്‍ വേണ്ടിയാണിത്.

Post a Comment

Previous Post Next Post