നെന്മാറ: നെല്ലിയാമ്ബതിയിലേക്ക് വിനോദസഞ്ചാരത്തിന് പോയി മടങ്ങവേ നിയന്ത്രണംവിട്ട് ട്രാവലര്‍ 15 അടി താഴ്ചയിലേക്ക് പതിച്ചു.
പരിക്കേറ്റവരെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ശേഷം എല്ലാവരെയും മറ്റൊരു വാഹനത്തില്‍ തൃശൂരിലേക്ക് കൊണ്ടുപോയി. ആരുടേയും പരിക്ക് ഗുരുതരമല്ല.
ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് അപകടം ഉണ്ടായത്. പോത്തുണ്ടി വനം ചെക്ക് പോസ്റ്റിന് സമീപത്തെ വളവില്‍വെച്ചാണ് ട്രാവലര്‍ നിയന്ത്രണം വിട്ട് ജലസേചന കനാല്‍ ഭാഗത്തെ 15 അടി താഴ്ചയിലേക്ക് പതിച്ചത്. 16 വാഹന യാത്രക്കാരും ഡ്രൈവറും ഉള്‍പ്പെടെ റോഡില്‍ നിന്ന് താഴ്ചയിലേക്ക് പതിച്ചെങ്കിലും മരങ്ങളും വന്‍ വള്ളിപ്പടര്‍പ്പുകളും ഉള്ള സ്ഥലമായതിനാല്‍ വാഹനം മറിയാതെ തങ്ങിനില്‍ക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ ഒരു വാതില്‍ മാത്രമുള്ള വാഹനമായതിനാല്‍ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നത് അല്പനേരം ആശങ്ക ഉണ്ടാക്കി. പിന്നീട് വനം ചെക്ക് പോസ്റ്റ് ജീവനക്കാരും വഴിയാത്രക്കാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്.
