മലപ്പുറം: കോട്ടപ്പടിയിൽ നിർത്തിയിട്ട കാറിൽ വൈദ്യുത തൂൺ വീണു. കോഴിക്കോട്-പാലക്കാട് ദേശീയപാതയുടെ കുറുകെയുള്ള വൈദ്യുത ലൈൻ ലോറിയിൽ കുരുങ്ങിയതിനെ തുടർന്ന് തൂൺ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. വാഹനം ഭാഗികമായി തകർന്നു. കാറുടമയും കുടുംബവും അടുത്തുള്ള കടയിലേക്ക് പോയിരുന്നു. ഈ സമയത്ത് രണ്ട് കുട്ടികൾ കാറിലുണ്ടായിരുന്നു.
വൈദ്യുതി പ്രവഹിച്ചിരുന്നു. നാട്ടുകാരുടെ സമയോചിത ഇടപെടൽ ദുരന്തം ഒഴിവാക്കി. മലപ്പുറം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തൂൺ മാറ്റി.