കണ്ണൂർ: ബന്ധുക്കൾ ട്രെയിനിൽ കയറിയില്ലെന്ന പരിഭ്രമത്തിൽ ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ രണ്ട് യുവതികൾക്ക് പരിക്കേറ്റു. പറശ്ശിനിക്കടവ് കോൾമൊട്ടയിലെ നഹിത (30), ബന്ധു മുർഷിദ (23) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.45 ഓടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു അപകടം. പറശിനിക്കടവിൽ നിന്നും എത്തി പയ്യന്നൂരിലെ ബന്ധുക്കളോടൊപ്പം മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്നയാളെ കാണാൻ പോകുന്നതിന് ഇടയിലാണ് അപകടം.എല്ലാവരും പയ്യന്നൂരിൽ നിന്ന് ട്രെയിൻ കയറുന്നതിനിടയിൽ ഉമ്മ സുബൈദയും ബന്ധു മറിയവും ട്രെയിനിൽ കയറിയില്ലെന്ന് മനസിലായപ്പോഴേക്കും ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. പരിഭ്രാന്തരായ നഹിതയും മുർഷിദയും ഉടൻ ട്രെയിനിൽ നിന്നും ചാടി ഇറങ്ങവേയാണ് പ്ലാറ്റ്‌ഫോമിൽ വീണ് പരിക്കേറ്റത്.
