പത്തനംതിട്ട: വെച്ചൂച്ചിറയില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവ് മരിച്ചു
കൊക്കനാമറ്റത്തില്‍ അദ്വൈത് (28) ആണ് മരിച്ചത്. അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് അദ്വൈതിനെ കണ്ടെത്തിയത്. മുക്കൂട്ടുതറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂടെയുണ്ടായിരുന്നയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ചാത്തന്‍തറ ചേന്നമറ്റം സാമുവല്‍ (27) ആണ് രക്ഷപ്പെട്ടത്.
ഞായറാഴ്ച രാത്രി 7.15ന് ആയിരുന്നു സംഭവം. ചാത്തന്‍തറയില്‍നിന്ന് മുക്കൂട്ടുതറയ്ക്കു പോകാനെത്തിയതായിരുന്നുവെന്നും കൊല്ലമുള കലുങ്കില്‍ വെള്ളംകയറിയതോടെ യാത്ര തടസപ്പെട്ടതിനെ തുടര്‍ന്ന് പകലക്കാവ് വഴി മുക്കൂട്ടുതറയ്ക്കു പോകുകയായിരുന്നു ഇവരെന്നും രക്ഷപ്പെട്ട യുവാവ് പറഞ്ഞു. ഈ സമയം പകലക്കാവ് കലുങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരുന്നു.
ബൈകില്‍ കലുങ്കിലൂടെയുള്ള യാത്ര നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ബൈകുവച്ച ശേഷം കൈകള്‍കൂട്ടിപ്പിടിച്ച് നടന്നു പോകുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. സാമുവലിനെ കണ്ടുനിന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി.
അതേസമയം, അച്ചന്‍കോവില്‍ കുംഭാവുരുട്ടിയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയര്‍ന്നു. സീതത്തോട് മേഖലയില്‍ കൊച്ചുകോയിക്കല്‍ തോട്, വയ്യാറ്റുപുഴ തോട്, സീതക്കുഴിത്തോട് എന്നിവ കരകവിഞ്ഞു. കക്കാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അള്ളുങ്കല്‍ ഇഡിസിഎല്‍, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്‌ട്രിക്, മണിയാര്‍ അണക്കെട്ട് എന്നിവയുടെ ഷടറുകള്‍ ഉയര്‍ത്തി. കോന്നി നെല്ലിക്കാപ്പാറ റോഡിലെ ചപ്പാത്തില്‍ കല്ലൂപ്പാറ തോട്ടില്‍ നിന്നുള്ള വെള്ളത്തില്‍ കാര്‍ ഒഴുക്കില്‍പെട്ടു. ജില്ലയില്‍ നാല് വരെ ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
