പത്തനംതിട്ട: തിരുവല്ല പെരിങ്ങരയിൽ അനുജനെ വെട്ടിയശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജേഷ്ഠനെ മരിച്ച നിലയിൽ കണ്ടെത്തി. ചിറയിൽ വീട്ടിൽ സന്തോഷാണ് മരിച്ചത്. തലയ്ക്ക് വെട്ടേറ്റ അനുജൻ സജീവ് ആശുപത്രിയിലാണ്. പെരിങ്ങര പഞ്ചായത്ത് വളപ്പിലാണ് സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉച്ചയ്ക്ക് 2.45ഓടു കൂടിയായിരുന്നു സംഭവം. സന്തോഷും അനുജൻ സജീവനും വീട്ടിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും സന്തോഷ് വെട്ടുകത്തി ഉപയോഗിച്ച് സജീവന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടിയശേഷം കത്തി ഉപേക്ഷിച്ച് സന്തോഷ് ഓടിമറഞ്ഞു. സമീപവാസികൾ എത്തി സജീവനെ ആശുപത്രിയിലേക്ക് മാറ്റി.അൽപ്പസമയങ്ങൾക്ക് ശേഷമാണ് പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ വെള്ളം കയറിയ ഓഫീസ് വളപ്പിന് സമീപം സന്തോഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് ഓഫീസിന്റെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കവെ വീണ് പരിക്കേറ്റതോ അല്ലെങ്കിൽ ഷോക്കേറ്റതോ ആകാം മരണകാരണമെന്നാണ് സംശയിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ട അനീഷ് എന്ന സമീപവാസിയായ ആൾക്ക് നേരിയതോതിൽ വൈദ്യുതാഘാതമേറ്റിരുന്നു. ഓഫീസ് കെട്ടിടത്തിലെ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എർത്ത് വയറിൽ നിന്ന് വൈദ്യുതിയേറ്റിട്ടുണ്ടാകാം എന്ന കാര്യം പോലീസും തള്ളിക്കളയുന്നില്ല.