നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു രാത്രിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആരും കാണാതെ റബര്‍ തോട്ടത്തില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം



പത്തനംതിട്ട: രാത്രിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ആരും കാണാതെ റബര്‍ തോട്ടത്തില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം

മല്ലപ്പള്ളി പരിയാരം ചാങ്ങിച്ചേത്ത് വീട്ടില്‍ ജോസഫ് ജോര്‍ജിന്റെ മകന്‍ സിജോ ജെറിന്‍ ജോസഫ് (27) ആണ് മരിച്ചത്. പുതുശേരി പുറമറ്റം റോഡില്‍ പുതുശേരി കവലയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

സിജോ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിന് സമീപത്തെ റബ‌ര്‍ തോട്ടത്തിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി പത്തിനും പന്ത്രണ്ടിനും ഇടയിലാകാം അപകടമെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടുകാര്‍ പലതവണ ഫോണില്‍ വിളിച്ചിട്ടും ലഭിക്കാത്തതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ റോഡിന് സമീപത്തെ റബര്‍ തോട്ടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ എന്‍ജിനീയര്‍ ആയി ജോലിനോക്കുകയായിരുന്നു. ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. സംസ്കാരം പിന്നീട്. അവിവാഹിതനാണ്. അമ്മ: അക്കാമ്മ ജോസഫ്, സഹോദരങ്ങള്‍: ജുബിന്‍ ജോസഫ്, ജൂലി മറിയം ജോസഫ്

Post a Comment

Previous Post Next Post