മലപ്പുറം കോട്ടക്കല്‍: അപ്രതീക്ഷിതമായി ആശുപത്രി വളപ്പിലേക്ക് അമിത വേഗത്തിലെത്തിയ സ്വകാര്യബസിനെ കണ്ട് എല്ലാവരും അമ്ബരന്നു.
ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കോഴിക്കോട്ടുനിന്ന് തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്നു ഹോളി മരിയ സ്വകാര്യബസ്. ഇതിനിടെയാണ് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ ഏറ്റവും അടുത്തുള്ള ചങ്കുവെട്ടിയിലെ അല്‍മാസ് ആശുപത്രിയിലേക്ക് സ്വകാര്യബസ് ഓടിച്ചുകയറ്റുകയായിരുന്നു.
തുടര്‍ന്ന് അടിയന്തരശുശ്രൂഷ നല്‍കി. കേച്ചേരി സ്വദേശിയായ വിദ്യാര്‍ഥിനി സുഖം പ്രാപിച്ചുവരുന്നു. യാത്രക്കാരിയെ സുരക്ഷിതമായി എത്തിച്ച ബസ് ജീവനക്കാര്‍ കര്‍ത്തവ്യബോധത്തിന്റെ മാതൃകയാണ് തീര്‍ത്തത്. മിനിറ്റുകള്‍ക്കകം സ്വകാര്യബസ് യാത്ര തുടര്‍ന്നു.
