കരുവാരകുണ്ട്: മലയോര മേഖലയില്‍ മഴ കനക്കുന്നു. ഇന്നലെ പകല്‍ മഴ മാറി നിന്നിരുന്നെങ്കിലും വൈകുന്നേരത്തോടെ മലയോര മേഖലയില്‍ മഴ ശക്തി പ്രാപിച്ചു.
അതി തീവ്രമഴ അനുഭവപ്പെട്ടേക്കാമെന്ന അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്നു അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തിയതായി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് പൊന്നമ്മ അറിയിച്ചു. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം റവന്യൂ വകുപ്പ്, പോലീസ്, ട്രോമാകെയര്‍ യൂണിറ്റ്, മറ്റു സന്നദ്ധസേനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം സജ്ജമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കു ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കേരളാംകുണ്ട് വെള്ളച്ചാട്ട കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശകരെ അങ്ങോട്ട് കടത്തിവിടുന്നില്ല. ഒഴിവു ദിവസങ്ങളില്‍ നൂറുക്കണക്കിനു സന്ദര്‍ശകരാണ് പ്രകൃതിഭംഗി ആസ്വദിക്കാന്‍ കല്‍കുണ്ടിന്റെ മലയോരത്തെത്തുന്നത്. ഒലിപ്പുഴയോരത്ത് വസിക്കുന്ന കുടുംബങ്ങളില്‍ പലരും ബന്ധുവീടുകളെ അഭയംപ്രാപിച്ചു വരികയാണ്. എന്നാല്‍ അപകട സാധ്യത നിലനില്‍ക്കുന്ന കല്‍കുണ്ടിന്റെ മലയോരങ്ങളില്‍ കുടുംബമായി താമസിച്ചിരുന്നവരിലധികവും കഴിഞ്ഞ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കൃഷിഭൂമി ഉപേക്ഷിച്ച് സുരക്ഷിത താവളം തേടി പോയിരുന്നു.
2019ലെ പ്രകൃതിക്ഷോഭത്തില്‍ നിരവധി കര്‍ഷകരുടെ ഏക്കര്‍ കണക്കിനു കൃഷിയിടങ്ങളാണ് മാഞ്ഞു പോയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിയിടങ്ങള്‍ ഇരുള്‍പൊട്ടലില്‍ നശിച്ചതും കരുവാരകുണ്ടിന്റെ മലയോരത്തായിരുന്നു. പുഴയോരവാസികളുടെ വീടുകള്‍ക്കുള്ളില്‍ വെള്ളം കയറി വീട്ടുപകരണങ്ങളടക്കം നശിച്ചുപോവുകയും വളര്‍ത്തുമൃഗങ്ങളെയടക്കം പുഴയെടുക്കുകയും ചെയ്തിരുന്നു.
ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
മലപ്പുറം: ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്ട്ട്്് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.
കോട്ടക്കുന്നില്‍
മണ്ണിടിച്ചില്‍ ഭീഷണി:
അഞ്ചു കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റി
മഞ്ചേരി: ഏറനാട് താലൂക്കില്‍ മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുന്നതിനാല്‍ സമീപത്തു താമസിക്കുന്ന അഞ്ചു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കോട്ടക്കുന്നിന് താഴ്വാരത്തു താമസിക്കുന്ന അഞ്ചു കുടുംബങ്ങളെയാണ് മലപ്പുറം ടൗണ്‍ഹാളില്‍ സജ്ജമാക്കിയ ക്യാന്പിലേക്ക് മാറ്റിയത്. അറുപതു വയസുകഴിഞ്ഞ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേരെയാണ് മാറ്റിയത്. ഇതില്‍ മൂന്നു പുരുഷന്മാര്, ഏഴ് സ്ത്രീകള്‍, അഞ്ച് ആണ്‍കുട്ടികള്‍, രണ്ടു പെണ്‍കുട്ടികള്‍ എന്നിവരുള്‍പ്പെടും.
