കാണാതായ യുവാവിനെ വീടിനുള്ളിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തികോട്ടയം: ചങ്ങനാശ്ശേരിയിൽ വീടിനുള്ളിൽ കുഴിച്ചിട്ട മൃതദേഹം കണ്ടെത്തി. ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേ തയ്യിൽ പുരുഷന്റെ മകൻ ബിന്ദുകുമാറിന്റെ (43) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ചങ്ങനാശേരി എസി കോളനിയിൽ ബിന്ദുകുമാറിന്റെ പരിചയക്കാരനായ മുത്തുകുമാറിന്റെ വീടിനു പിന്നിലുള്ള തറ പൊളിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 26നു ആണ് ഇയാളെ കാണാതാകുന്നത്. 


ബിന്ദുമോന്റെ ബൈക്ക് ഇന്നലെ പുതുപ്പള്ളിയിൽനിന്നു കണ്ടെത്തിയിരുന്നു. ബിജെപി പ്രവർത്തകനായ ബിന്ദുകുമാർ അവിവാഹിതനാണ്. ബിന്ദുമോനെ കാണാനില്ലെന്നു വ്യക്തമാക്കി 28ന് ബന്ധുക്കൾ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞു പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. തിരുവല്ലയിൽ വച്ച് മൊബൈൽ പരിധിക്കു പുറത്തായി.

തുടർന്ന് നടത്തിയ പരിശോധനയിൽ ചങ്ങനാശേരി എസി കോളനിക്കു സമീപമാണ് മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചത്. ഇതോടെയാണ് മുത്തുകുമാറിന്റെ വീടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയത്. ഇവിടെ വീടിനു പിന്നിൽ ചാർത്തിനോടു ചേർന്നുള്ള തറയിൽ പുതുതായി കോൺക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. വീടിന്റെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തറ പൊളിച്ച് പരിശോധന നടത്തിയത്.

ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്തെത്തിയിരുന്നു.


Post a Comment

Previous Post Next Post