മലപ്പുറം ചങ്ങരംകുളം പന്താവൂർ പാലത്തിന് സമീപം സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. പൂക്കറത്തറ കോലളമ്പ് സ്വദേശി പന്തായിൽ വീട്ടിൽ അബ്ദുൽ കരീം (57) ആണ് മരിച്ചത്. ഇന്ന് വൈകിയിട്ട് ആറ് മണിയോടെ തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിനടുത്ത് വിവികെ ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടം. ചങ്ങരംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്കിന് പുറകിൽ തൃശ്ശൂർ നിന്ന് കോഴിക്കോട് പോയിരുന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിനടിയിൽ കുടുങ്ങിയ ബൈക്കിൽ നിന്നാണ് ഗുരുതരമായി പരിക്കേറ്റ അബ്ദുൽ കരീമിനെ നിട്ടുകാർ ചേർന്ന് പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാൽ കുന്നംകുളത്ത് സ്വകാര്യ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ശനിയാഴ്ച പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
