കോഴിക്കോട്: അയൽവാസിയുടെ വെട്ടേറ്റ് മദ്രസ അധ്യാപകന് ഗുരുതര പരിക്കേറ്റു. കുന്ദമംഗലം പതിമംഗലത്തുള്ള അഷ്റഫ് സഖാഫിക്കാണ് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ അഷ്റഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ, കുന്ദമംഗലം പൊലീസ് കേസെടുത്തു. എന്നാൽ, പ്രതിയെ പിടികൂടാനായിട്ടില്ല.
അഷ്റഫ് സഖാഫിയെ അയൽവാസിയായ ഷമീർ വഴിയിൽ വെച്ച് വെട്ടുകയായിരുന്നു. കൊടുവാളുമായെത്തിയ ഷമീർ കുട്ടികൾ ഉൾപ്പെടെയുള്ളവരെ അക്രമിക്കാൻ ശ്രമിച്ചെന്നും വീടിന്റെ ജനൽ തകർത്തെന്നും അഷ്റഫ് സഖാഫി നൽകിയ പരാതിയിൽ പറയുന്നു. ഭീതികാരണം കുടുംബത്തിന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും പരാതിയിലുണ്ട്.
ആക്രമണത്തിന് കാരണം വ്യക്തിവൈരാഗ്യമാണെന്നാണ് ലഭിക്കുന്ന വിവരം. ഷമീർ നേരത്തെയും അഷ്‌റഫ് സഖാഫിക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
