ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കിയ ആദിത്തിന് നാട് വിടചൊല്ലി



കോഴിക്കോട് മാവൂർ:  ജീവിതം പാതിവഴിയില്‍ മുറിഞ്ഞുപോകുമെന്ന ആശങ്കയിലുള്ളവരടക്കം ആറുപേര്‍ക്ക് പുതുജീവന്‍ നല്‍കിയ ആദിത്തിന് നാട് വിടചൊല്ലി.

നേത്ര-അവയവദാനത്തിലൂടെ പ്രസിദ്ധമായ ഗ്രാമമായ ചെറുകുളത്തൂരിലെ തറമണ്ണില്‍ നാരായണന്‍ നായരുടെ മകള്‍ സ്മിതയുടെയും പെരുമണ്‍പുറ ലന്യ നിവാസിലെ മനോഹരന്റെയും മകന്‍ ആദിത്താണ് അവയവദാനത്തിലൂടെ അനശ്വരനായത്.


എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ജി.എച്ച്‌.എസ്.എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആദിത്തിന്റെ (16) ഹൃദയം ഇനി ഒറ്റപ്പാലം സ്വദേശി സ്വഗീല്‍ അമീറിന്റെ ശരീരത്തില്‍ തുടിക്കും. കരള്‍ കോഴിക്കോട് സ്വദേശി രാജനും വൃക്കകള്‍ ചെറുവാടി സ്വദേശി നസീറക്കും (41), മലപ്പുറം സ്വദേശി ഷാഹിനക്കും പുതുജീവനേകി.

ആദിത്തിന്റെ കണ്ണുകള്‍ മറ്റ് രണ്ടുപേര്‍ക്കും വെളിച്ചമേകും. മകന്റെ അകാലവേര്‍പാടില്‍ വേദന കടിച്ചമര്‍ത്തി രക്ഷിതാക്കള്‍ മറ്റുള്ളവരുടെ ജീവിതദുരിതമകറ്റാന്‍ തീരുമാനമെടുക്കുകയായിരുന്നു.


ജാതിയുടെയും മതത്തിന്റെയും പേരില്‍ തമ്മില്‍തല്ലുന്ന കാലത്ത് മാനവികതയുടെ ഉദാത്തമാതൃക സൃഷ്ടിച്ചു ഈ കുടുംബം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആദിത്ത് മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ രക്ഷിതാക്കള്‍ അവയവദാനത്തിന് തയാറാകുകയായിരുന്നു

കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്ററിലെ ട്രാന്‍സ്‌പ്ലാന്റ് സര്‍ജന്‍ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തില്‍ ഡോ. അശോക് ജയരാജ്, ഡോ. അബ്ദുല്‍ റിയാദ്, ഡോ.അബ്ദുല്‍ ജലീല്‍, ഡോ. ഗോപാലകൃഷ്ണന്‍ രാമന്‍, ഡോ. ലക്ഷ്മി, ഡോ. വ്യാസ് എന്നിവരടങ്ങുന്ന സംഘമാണ് സര്‍ജറി പൂര്‍ത്തിയാക്കിയത്.


കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് ഇഖ്‌റാ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു ആദിത്ത്. സര്‍ക്കാറിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി യുടെ സഹായത്തോടെ വൃക്കകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെയും ഇഖ്‌റ ഹോസ്പിറ്റലിലെയും രോഗികള്‍ക്കും കരള്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കുമാണ് നല്‍കിയത്.

Post a Comment

Previous Post Next Post