ഉത്സവപ്പറമ്പിൽ ആൽമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം

 


കോട്ടയം:ഉത്സവപ്പറമ്പിൽ വച്ച് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരിക്ക് സമീപമാണ് അപകടം. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൂവം കണിയാംപറമ്പിൽ സതീശന്റെ മകൻ സബിൻ (32) ആണ് മരിച്ചത്. വിദേശത്തായിരുന്ന സബിൻ ഇന്നലെ ഉച്ചയോടെയാണ് എത്തിയത്. രാത്രി ഒൻപതരോടെയാണ് അപകടം.


പൂവം എൻഎൻഡിപി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്കെത്തിയപ്പോൾ സമീപത്തെ ആൽമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. ആളുകൾ അതിനടിയിൽപ്പെടുകയായിരുന്നു. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ചിലർക്ക് വൈദ്യുതാഘാതമേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റ ആറ് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


മരിച്ച സബിന്റെ അമ്മ രതി. ഭാര്യ: അശ്വതി, സഹോദരങ്ങൾ: സവിത, രേഷ്മ.


Post a Comment

Previous Post Next Post