ചാലിയാര്‍ പുഴയില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം ആനങ്ങാടി ബീച്ചില്‍ കണ്ടെത്തി

 



കോഴിക്കോട്  ചാലിയം മല്‍സ്യബന്ധനത്തിന് പോവുന്നതിനിടെ ഫൈബര്‍ വള്ളത്തില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ ചാലിയം സ്വദേശിയായ മല്‍സ്യത്തൊഴിലാളി തൈക്കടപ്പുറം ഉസ്മാന്‍ കോയ (56)യുടെ മൃതദേഹം കണ്ടെത്തി. 


മല്‍സ്യത്തൊഴിലാളികളും കടുക്ക തൊഴിലാളികളും ഫയര്‍ഫോഴ്‌സും പോലിസും ട്രോമ കെയര്‍ വളണ്ടിയര്‍മാരും സ്‌കൂബ ടീമും സംയുക്തമായി ചാലിയാറിലും കടലിലുമായി തിരച്ചില്‍ നടത്തിവരുന്നതിനിടെ ആനങ്ങാടി നാലു സെന്റിന് സമീപം ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കരക്കടിയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹം കരയിലേക്ക് മാറ്റി. തുടര്‍ന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ഞായറാഴ്ച രാത്രി 12.30ഓടെയാണ് ഉസ്മാന്‍ കോയയെ കാണാതായത്.


ചാലിയം സ്വദേശി ചെറുപുരക്കല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ഇലാഹി വെള്ളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മല്‍സ്യബന്ധനത്തിന് പോവുന്നതിനിടെ കൂടെയുണ്ടായിരുന്നവരുമായി വാക്ക് തര്‍ക്കമുണ്ടാവുകയും താന്‍ വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞ് ഉസ്മാന്‍ കോയ വള്ളത്തില്‍നിന്ന് പുഴയിലേക്ക് ചാടുകയുമായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പോലിസിന് നല്‍കിയ മൊഴി. 


രാത്രി 12.30 ഓടെ അപകടം സംഭവിച്ചിട്ടും കൂടെയുണ്ടായിരുന്നവര്‍ ഇന്നു പുലര്‍ച്ചയോടെ മാത്രമാണ് വിവരം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിച്ചത്. ഉസ്മാന്‍ കോയക്കൊപ്പമുണ്ടായിരുന്നവര്‍ പോലിസ് കസ്റ്റഡിയിലാണ്. ഫൈബര്‍ വള്ളവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. 

സഫിയയാണ് ഭാര്യ: മക്കള്‍: ഷുഹൈബ്, സുഫൈറ, ആനിയ ഷെറി. മരുമക്കള്‍: ഫാദിഷ, റാസിക്ക്, ഇര്‍ഫാന്‍. 



Post a Comment

Previous Post Next Post