പെരിന്തൽമണ്ണയിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
മലപ്പുറം:പെരിന്തൽമണ്ണ : ഏലംകുളത്ത് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഏലംകുളം പൂത്രോടി കുഞ്ഞലവി (കുഞ്ഞാണി)യുടെ മകൾ ഫാത്തിമ ഫഹ്‌ന (30)യെയാണ് ഭർത്താവ് നാല് വയസുള്ള മകളുടെ മുന്നിലിട്ട് കഴുത്ത്‌ ഞെരിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. ഭർത്താവ് മണ്ണാർക്കാട് സ്വദേശിയായ റഫീഖിനെ ഇയാളുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു.


രാത്രി കിടപ്പുമുറിയിൽ കൈകാലുകൾ പുതപ്പ് കൊണ്ട് ബന്ധിച്ച ശേഷം തുണികൊണ്ട് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്. ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ തുണി തിരുകിയിരുന്നു. മാതാവ് നഫീസ അത്താഴത്തിന് വിളിക്കാൻ വന്നപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് പോലിസ് നിർദേശ പ്രകാരം ഫാത്തിമയെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചു. കൃത്യം നടത്തിയ ശേഷം ഫാത്തിമയുടെ ആഭരണങ്ങൾ കൈക്കലാക്കിയ റഫീഖ് പുലർച്ചെ 3 മണിയോടെ ഓട്ടോയിൽ പെരിന്തൽമണ്ണയിലും പിന്നീട് കെ.എസ്.ആർ.ടി.സി ബസിൽ മണ്ണാർക്കാട്ടെ വട്ടമ്പലത്തെ വീട്ടിലും എത്തുകയായിരുന്നു. മണ്ണാർക്കാട് പോലീസിന്റെ സഹായത്തോടെയാണ് പെരിന്തൽമണ്ണ പോലീസ് റഫീഖിനെ കസ്റ്റഡിയിൽ എടുത്തത്.


തിരൂരിൽ നിന്ന് ഫോറൻസിക് ഓഫീസർ വി. മിനിയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധരും മലപ്പുറത്ത് നിന്നും വിരലടയാള വിദഗ്ധ എൻ.വി. റുബീനയുടെ നേതൃത്വത്തിലുള്ള സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു.


പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തഹസിൽദാർ പി.എം മായയുടെയും പോലീസ് ഇൻസ്‌പെക്ടർ സി.അലവിയുടെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌ മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്കയച്ചു.


അഞ്ച് വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. റഫീഖ്ഉം ഫാത്തിമ ഫഹ്‌നയും തമ്മിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പിന്നെ എന്തിനാണ് ഈ ക്രൂര കൃത്യം ചെയ്തതെന്ന് ബന്ധുക്കൾക്ക് പോലും വ്യക്തമല്ല. നീചമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഫാത്തിമയുടെ ബന്ധുക്കളും നാട്ടുകാരും.


Post a Comment

Previous Post Next Post