കൂട്ടുകാരുടെയൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു.കൊച്ചി : പേഴയ്ക്കാപ്പിള്ളി ആച്ചേരിപൊട്ടയിലെ മാതാവിന്റെ വീട്ടിൽ നിന്ന് പഠിക്കുന്ന തൊടുപുഴ കുന്നുംപുറത്ത് ബഷീറിന്റെ മകൻ ആദിൽ ബഷീറാണ് (14) വീടിനു സമീപത്തെ കുളത്തിൽ മുങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.


കൂട്ടുകാരുമൊത്ത് കുളിക്കാനെത്തിയ ആദിൽ കുളത്തിൽ നീന്തുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. കുളത്തിൽ നീന്തുകയായിരുന്ന മറ്റ് കുട്ടികൾ ബഹളംവെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് മരിച്ചതിനെ തുടർന്ന് രണ്ടുവർഷമായി മാതൃപിതാവ് പേഴയ്ക്കാപ്പിള്ളി കണിപ്ലാക്കൽ മൊയ്തുവിന്റെ വീട്ടിൽ നിന്നാണ് കുട്ടി പഠിച്ചിരുന്നത്. മൂവാറ്റുപുഴ എസ്.എൻ.ഡി.പി സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ പത്തിലേക്ക് ജയിച്ചിരുന്നു. മാതാവ്: പരേതയായ ഷമീന. സഹോദരങ്ങൾ: സൽമാൻ, ആബിദ്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post