കൂട്ടുപുഴ വളവുപാറയിൽ നിയന്ത്രണം വിട്ട കാർ വീടിനു മുകളിലേക്ക് പാഞ്ഞുകയറി. കുടിവെള്ള ടാങ്ക് ഇടിച്ചു തകർത്തു. വരാന്തയുടെ ഭിത്തിയും ഇടിഞ്ഞുവീണു. തലശ്ശേരി – കുടക് സംസ്ഥാനാന്തര പാതയിൽ ഉച്ചയോടെയാണ് അപകടം. ഇരിട്ടി ഭാഗത്തു നിന്നു വന്ന കാർ റോഡിന്റെ താഴ്‌വശത്തായുള്ള കുന്നുമ്മൽ കുഞ്ഞാമിനയുടെ വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വീടിന് സമീപം മൺതിട്ടയിൽ വച്ച കുടിവെള്ള ടാങ്ക് ഇടിച്ചു തെറിപ്പിച്ച് ഓടിട്ട മേൽക്കൂരയിലേക്കു കാർ പതിച്ചു.ഇവിടെ നിന്നു താഴോട്ടു മറിയുമ്പോഴാണു വരാന്തയുടെ ഭിത്തി തകർത്തത്. അപകടം സമയം വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കുഞ്ഞാമിന ഉൾപ്പെടെ 4 പേർ വീട്ടിൽ ഉണ്ടായിരുന്നു. വരാന്തയിൽ ഉണ്ടായിരുന്ന ചെറുമകൻ അജ്നാസ് കുടിവെള്ള ടാങ്കിൽ ഇടിച്ചപ്പോഴത്തെ ഒച്ച കേട്ടു ഭയന്നു വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാലാണു ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്. മറ്റുള്ളവർ വീടിനു ഉള്ളിലായിരുന്നു. കാറിൽ ഉണ്ടായിരുന്ന പേരട്ട സ്വദേശികളും സാരമായ പരുക്കുകളേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ ഭിത്തിക്ക് വിള്ളൽ വീണു.