കാറും ഓട്ടോകാബും കൂട്ടിയിടിച്ചു: നാലുപേര്‍ക്ക് പരിക്ക്



തിരുവനന്തപുരം കിളിമാനൂര്‍: കാറും ഓട്ടോകാബും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ആറിന് സംസ്ഥാന പാതയില്‍ പാപ്പാലയിലുണ്ടായ അപകടത്തില്‍ കിളിമാനൂര്‍ തട്ടത്തുമല തോട്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (58) ,കാബിന്‍റെ ഡ്രൈവര്‍ നിലമേല്‍ കണ്ണംകോട് ചെറാട്ടുകുഴി നമസ്ക്കാര പള്ളിക്ക് സമീപം അൻവര്‍ (45),കാറില്‍ ഉണ്ടായിരുന്ന പത്തനാപുരം പുന്നല സുജിത്ത് ഭവനില്‍ അജിത്ത് (37) ,പത്തനാപുരം കീരിക്കല്‍ ബില്‍ഡിംഗില്‍ ജോള്‍ ഏബ്രഹാം (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

അൻവറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റു മൂന്ന് പേരെ ഗോകുലം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ കാബിലുണ്ടായിരുന്ന മൂന്ന് ആടുകള്‍ ചത്തു. തിരുവനന്തപുരത്ത് നിന്നും പത്തനാപുരത്തേക്ക് പോവുകയായിരുന്ന കാറും തട്ടത്തുമലയില്‍ നിന്നും കിളിമാനൂര്‍ മാര്‍ക്കറ്റിലേക്ക് ആടുകളുമായി പോവുകയായിരുന്ന ഓട്ടോ കാബും കൂട്ടിയിടിക്കുകയായിരുന്നു . 

കാര്‍ നിയന്ത്രണം വിട്ട് ഓട്ടോ കാബില്‍ ചെന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.ഓട്ടോ കാബില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ ഫോഴ്സ് സംഘം എത്തി ഏറെ പണിപ്പെട്ടാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. വെഞ്ഞാറമൂട് ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസര്‍ അനിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് .


Post a Comment

Previous Post Next Post