മലങ്കര: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരന് സാരമായ പരിക്കേറ്റു. മ്രാല സ്വദേശി പാറത്തലക്കല്‍ ബാബു മാത്യുവിനാണ് പരിക്കേറ്റത്.
ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9.30ന് തൊടുപുഴ- മൂലമറ്റം റോഡില്‍ മ്രാല കവലയിലായിരുന്നു അപകടം. മ്രാല കവലയില്‍ പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പെട്ടെന്ന് റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ മുട്ടം ഭാഗത്ത് നിന്ന് തൊടുപുഴയ്ക്ക് വന്ന ബസ് കാറില്‍ ഇടിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കാര്‍ ബോഡിയില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിര്‍വശത്തുള്ള സ്വകാര്യ വ്യക്തിയുടെ മതിലില്‍ ഇടിച്ചാണ് നിന്നത്.
നാട്ടുകാരുടെ നേതൃത്വത്തില്‍ മറ്റൊരു വാഹനത്തില്‍ കയര്‍ കെട്ടി വലിച്ച് ഏറെ ശ്രമത്തിന് ശേഷമാണ് കാറില്‍ കുരുങ്ങിയ ബാബുവിനെ പുറത്തെടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. സ്ഥലത്തെത്തിയ തൊടുപുഴ അഗ്നിശമന സേന, മുട്ടം പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ബസില്‍ നിന്ന് അടര്‍ത്തി മാറ്റിയത്. ഈ റൂട്ടില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അപകടത്തെ തുടര്‍ന്ന് പാതയോരത്തുള്ള വൈദ്യുതി പോസ്റ്റ് വട്ടം ഒടിഞ്ഞെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. കെ.എസ്.ഇ.ബി ജീവനക്കാരെത്തി ഉച്ചയോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
