തൃശ്ശൂർ പട്ടിക്കാട്. ദേശീയപാതയിൽ താണിപ്പാടത്ത് ഓട്ടോറിക്ഷയിൽ കണ്ടെയ്നർ ലോറി ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. താണിപ്പാടം കക്കിയിൽ കുര്യാക്കോസ്, നക്ഷത്ര ഹോട്ടൽ ജീവനക്കാരൻ ബംഗാൾ സ്വദേശി രമേശ് എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുര്യാക്കോസിനെ തൃശ്ശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ എതിർ ദിശയിൽ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കണ്ടെയ്നർ ലോറി വന്ന് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. താണിപ്പാടം നക്ഷത്ര ഹോട്ടലിൽ നിന്ന് ഭക്ഷണവുമായി പോവുകയായിരുന്നു ഓട്ടോറിക്ഷ. അപകടത്തെ തുടർന്ന് നിർത്താതെ പോയ കണ്ടെയ്നർ ലോറിയെ പീച്ചി പോലീസ് പിന്തുടർന്ന് പിടികൂടി. ദേശീയപാത റിക്കവറി വിംഗ്, പീച്ചി പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
