മധ്യവയസ്‌കനെ അയല്‍വാസിയുടെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


 പേട്ട :ജനറലാശുപത്രിക്ക് സമീപം മധ്യവയസ്‌കനെ അയല്‍വാസിയുടെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമ്ബുരാന്‍മുക്ക് താര റസിഡന്‍സ് അസോസിയേഷന്‍ 226 ലെ ഹരി പ്രകാശ് (52) ന്റെ മൃതദേഹമാണ് കൈപ്പള്ളി ലെയ്‌നിലെ അയല്‍വാസിയുടെ വീട്ടുവളിപ്പില്‍ കണ്ടത്തിയത്.

പോലീസിനെ കണ്ട് ഭയന്നോടി അപകടത്തില്‍ പെട്ടതാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.


ഇന്നലെ രാവിലെ ഹരി പ്രകാശിന്റെ അമ്മ അന്നമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. വളര്‍ത്തുനായ ബഹളംവച്ച്‌ അന്നമ്മയുടെ സാരിയില്‍ കടിച്ച്‌ വലിച്ചി മൃതദേഹത്തിനരുകിലേയ്ക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് സമീപവാസികളെത്തിയാണ് പോലീസില്‍ അറിയിച്ചത്. മതില്‍ ചാടിക്കടന്നപ്പോള്‍ വീണരീതിയിലായിരുന്നു മൃതദേഹം

.മുറിവുകളോ ചതവുകളോ മൃതദേഹത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് കന്റോണ്‍മെന്റ് പോലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന അരോപണത്തെ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ധരും ഡ്വാഗ് സ്‌ക്വാഡും പരിശോധന നടത്തി. ഇരുപത് വര്‍ഷം മുമ്ബ് ഭാര്യയുമായി വേര്‍പിരിഞ്ഞ് അമ്മയ്‌ക്കൊപ്പമാണ് ഇയ്യാള്‍ കഴിഞ്ഞിരുന്നത്. സിപിഎം പ്രവര്‍ത്തകനാണ് ഹരി. നിരവധി കേസുകളും വാട്ടര്‍ അതോറിറ്റി നല്‍കിയ പരാതിയില്‍ അറസ്റ്റ് വാറണ്ടും ഇയ്യാളുടെ പേരിലുണ്ട്. അതിനാല്‍ ഏതാനും മാസങ്ങളായി ഒളിവിലായിരുന്നു ഹരിപ്രകാശ്

ബുധനാഴ്ച രാത്രി 10 മണിയോടെ ഈപ്രദേശത്ത് പോലീസ് പട്രോളിംഗ് നടത്തിയിരുന്നു. ആ പോലീസ് സംഘത്തെ കണ്ട് ഭയന്ന് മതില്‍ ചാടി കടക്കുന്നതിനിടെ ഉണ്ടായ വീഴ്ചയാണ് മരണകാരണമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ആളൊഴിഞ്ഞ വീടിനുള്ളില്‍ അജ്ഞാതര്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയതെന്നും ആരേയും കണ്ടെത്താനായില്ലെന്ന്‌പോലീസ് പറഞ്ഞു. 


അതേസമയം ഹരിയെ ആരോ കൊലപ്പെടുത്തിയതാണെന്ന് അന്നമ്മ ആരോപിച്ചു. ഇതു സംബന്ധിച്ച്‌ വിശദാന്വേഷണം നടത്തണമെന്നും അന്നമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന് പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Post a Comment

Previous Post Next Post