മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്തെ പുഴയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ 'അറ്റ്‌ലാന്റിക്' ബോട്ട് ദുരന്തക്കേസിലെ ഒന്നാം പ്രതിയും ബോട്ടുടമയുമായ നാസറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
മെയ് ഏഴിന് നടന്ന നാസര്‍ അപകടത്തിന്റെ പിറ്റേന്ന് തന്നെ അറസ്റ്റിലായിരുന്നു.
101 ദിവസമായി റിമാൻഡില്‍ കഴിയുന്ന പ്രതിക്ക് റിമാൻഡില്‍ കഴിഞ്ഞ കാലയളവ് കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. കേസിലെ ഏഴ്, എട്ട്, ഒമ്ബത് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ജാമ്യം അനുവദിച്ചത്.
സംഭവത്തില്‍ പോര്‍ട്ട് ഉദ്യോഗസ്ഥരായ ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യൻ എന്നിവര്‍ക്കെതിരെയും അന്വേഷണ സംഘം കൊലക്കുറ്റം ചുമത്തിയിരുന്നു. അപകടത്തില്‍പ്പെട്ട ബോട്ട് യാര്‍ഡില്‍ പണി കഴിപ്പിക്കുമ്ബോള്‍ തന്നെ പരാതികള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുറ്റം ചുമത്തിയത്.
മത്സ്യബന്ധന ബോട്ട് ഉല്ലാസ ബോട്ടാക്കി മാറ്റുന്നുവെന്ന വിവരം കിട്ടിയിട്ടും ഇക്കാര്യങ്ങളൊന്നും എവിടെയും സൂചിപ്പിക്കാതെയാണ് ഉദ്യോഗസ്ഥര്‍ ലൈസൻസ് നല്‍കിയത്. പരിധിയില്‍ കവിഞ്ഞ ആളുകളെ കയറ്റിയാതാണ് അപകടത്തിന് കാരണമെന്ന് നേരത്തെ കോടതി സ്വമേധയാഎടുത്ത കേസ് പരിഗണിക്കവെ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
