ലഡാക്കില്‍ വൻ അപകടം.... സൈനിക വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞ് 9 സൈനികര്‍ മരിച്ചു. അപകടത്തില്‍ നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ലഡാക്കിലെ പ്രതിരോധ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് സൂചന.
ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടക്കുന്നത്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലേ ജില്ലയില്‍ ഒരു സൈനിക വാഹനം റോഡില്‍ നിന്ന് തെന്നി അഗാധമായ കൊക്കയിലേയ്ക്ക് പതിച്ചു. തെക്കൻ ലഡാക്കിലെ നിയോമയിലെ കേരെയിലാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വൈകുന്നേരം 5.45 ഓടെ, കിയാരിക്ക് 7 കിലോമീറ്റര്‍ മുന്‍പ് സൈനിക വാഹനം താഴ്‌വരയില്‍ തെന്നി കൊക്കയിലേയ്ക്ക് വീഴുകയായിരുന്നു. 300 അടി താഴ്ചയുള്ള കൊക്കയിലാണ് വാഹനം വീണതെന്നാണ് വിവരം. കരു ഗാരിസണില്‍ നിന്ന് ലേയ്ക്ക് സമീപമുള്ള ക്യാരിയിലേയ്ക്കുള്ള യാത്രയിലായിരുന്നു അപകടത്തില്‍പ്പെട്ട സൈനിക വാഹനം എന്നാണ് റിപ്പോര്‍ട്ട്. മരണപ്പെട്ട 9 സൈനികരില്‍ 2 ജെസിഒമാരും 7 സൈനികരും ഉള്‍പ്പെടുന്നു.