കൊച്ചി അങ്കമാലി: കർഷകദിനാചരണ ചടങ്ങിൽ പങ്കെടുക്കാൻ ബൈക്കിൽ വരുകയായിരുന്നയാൾ ബൈക്കപകടത്തിൽ മരിച്ചു. കർഷകനായ നെടുമ്പാശ്ശേരി മള്ളുശ്ശേരി തെക്കൻ വാഴക്കാലവീട്ടിൽ ടി.ഒ. ഔസേഫാണ് (കുഞ്ഞപ്പൻ -70) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാത കരിയാട് കവലയിൽ വ്യാഴാഴ്ച രാവിലെ 10.40ഓടെയായിരുന്നു അപകടം.
നെടുമ്പാശ്ശേരി പഞ്ചായത്തിൽ സംഘടിപ്പിച്ച കർഷകദിന ചടങ്ങിൽ പങ്കെടുക്കാൻ അത്താണി ഭാഗത്ത് നിന്ന് വരുകയായിരുന്നു കുഞ്ഞപ്പനും സുഹൃത്തും. കുഞ്ഞപ്പൻ ഓടിച്ച ബൈക്ക് അതേ ദിശയിൽ വന്ന കാറിലും മീഡിയനിലുമിടിച്ച് നിയന്ത്രണംവിട്ട് വലതു വശത്തെ ട്രാക്കിലേക്ക് വീണു. അങ്കമാലി ഭാഗത്ത് നിന്ന് വരുകയായിരുന്ന ട്രെയിലറിനടിയിലേക്ക് തെറിച്ചു വീണ് കുഞ്ഞപ്പൻ തൽക്ഷണം മരിച്ചു.
