കായംകുളം കായലിൽ വീണ് യുവാവിനെ കാണാതായി കായംകുളം കായലിൽ മുതുകുളം വെട്ടത്ത് കടവിൽ വീണ് യുവാവിനെ കാണാതായി. ആറാട്ടുപുഴ സ്വദേശികളായ നാലു യുവാക്കളാണ് കായലിൽ വീണത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. 

. ആറാട്ടുപുഴ കള്ളിക്കാട് വെട്ടത്തുകടവ് ഷിജു ഭവനത്തിൽ ഷിബുവിന്‍റെ മകൻ ഷിബിനെയാണ് (അപ്പൂസ് -21) കാണാതായത്. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട കള്ളിക്കാട് പുല്ലുകാട്ടിൽ കിഴക്കതിൽ മധുവിന്‍റെ മകൻ മഹേഷിനെ (20) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം ആറരയോടെ വെട്ടത്ത് കടവ് കിഴക്കേക്കര ജെട്ടിക്ക് വടക്കുഭാഗത്താണ് സംഭവം.

എൻ.ടി.പി.സിയുടെ സോളാർ പാനൽ കാണാൻ വേണ്ടിയാണ് പടിഞ്ഞാറേക്കരയിൽ നിന്നും നാൽവർ സംഘം അക്കരയിൽ പോയതെന്ന് നാട്ടുകാർ പറഞ്ഞു. കള്ളിക്കാട് കൊച്ചുപറമ്പിൽ വിഷ്ണു (18), വട്ടച്ചാൽ പുതുമംഗലത്ത് സൂര്യ (21) എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വള്ളത്തിൽ നിൽക്കുമ്പോൾ ഷിബിൻ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. മണ്ണെടുത്തതിനെ തുടർന്ന് ആഴം ഏറെയുള്ള ഭാഗത്താണ് അപകടമുണ്ടായത്.

ഷിബിൻ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താനായി ചാടിയ മഹേഷും വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. സുഹൃത്തുക്കളുടെ നിലവിളികേട്ട് തൊട്ടടുത്ത് മത്സ്യബന്ധനം നടത്തിയിരുന്ന റെജി പാഞ്ഞെത്തിയാണ് മഹേഷിനെ രക്ഷപ്പെടുത്തിയത്. വെള്ളത്തിൽ താഴ്ന്നു പോയതിനാൽ ഷിബിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.


കായംകുളം, ഹരിപ്പാട് എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും രാത്രി ഒമ്പത് മണി വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച സ്കൂബാ ടീമും തെരച്ചിലിൽ പങ്കുചേരും. 

Post a Comment

Previous Post Next Post