മാന്നാര്‍: മാന്നാര്‍ സ്റ്റോര്‍ ജംഗ്ഷനിലെ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡില്‍ കാത്തിരുപ്പ് കേന്ദ്രത്തിന്റെ പി വി സി സീലിംഗ് അടര്‍ന്ന് വീണ് അപകടം.
സംഭവത്തില്‍ ബസ് കാത്തിരുന്ന ഒരാള്‍ക്ക് സാരമായ പരിക്കേറ്റു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കെട്ടിടത്തിന്റെ പുറത്ത് നിന്നിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. പാണ്ടനാട് സ്വദേശി ഷിജു (31) വിനാണ് അപകടത്തില്‍ പരിക്കേറ്റത്. ഷിജിവിന്‍റെ ദേഹത്തേക്കാണ് സീലിങ്ങിന്റെ ഭാഗം അടര്‍ന്ന് വീണത്.
ഇരുപത് വര്‍ഷത്തോളം പഴക്കമുള്ള പി വി സി സീലിങ്ങിന്റെ ഇളകി വീണ പല ഭാഗത്തും ഫ്ളക്സ് ബോര്‍ഡുകള്‍ കയറ്റി വെച്ചിരിക്കുകയായിരുന്നു. പ്രാവുകളുടെ വിഹാര കേന്ദ്രമായ സിലിങ്ങിന് മുകള്‍വശം കാഷ്ഠവും മറ്റു മാലിന്യങ്ങളും നിറഞ്ഞ് മലിമസമായിരുന്നു. സീലിംഗ് അടര്‍ന്നു വീണതോടെ മാലിന്യങ്ങള്‍ കാത്തിരുപ്പ് കേന്ദ്രത്തിനുള്ളിലേക്ക് വീണു ദുര്‍ഗന്ധം നിറഞ്ഞത് യാത്രക്കാരെ വലച്ചു.
വിവരം അറിഞ്ഞെത്തിയ മാന്നാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ ശ്രദ്ധേയം, സെക്രട്ടറി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തില്‍ അടര്‍ന്നു വീണ സീലിങ്ങിന്റെ ഭാഗങ്ങളും മാലിന്യങ്ങളും നീക്കം ചെയ്ത് ബസ് കാത്തിരുപ്പ് കേന്ദ്രം വൃത്തിയാക്കി.