തിരൂരങ്ങാടി :നവീകരണം നടക്കുന്ന ദേശീയപാതയില്‍ അധികൃതരുടെ അനാസ്ഥ മൂലം യുവാവിന് നഷ്ടമായത് കാല്‍.
അത്യാവശ്യ സൂചന ബോര്‍ഡുകളുടെയും സുരക്ഷ സംവിധാനങ്ങളുടെയും അഭാവത്താല്‍ നിരവധി അപകടങ്ങളാണ് നടക്കുന്നത്.
കഴിഞ്ഞദിവസം എ.ആര്‍ നഗര്‍ അരീത്തോട് ദേശീയപാതയിലെ അണ്ടര്‍പാസ് വഴി മമ്ബുറം റോഡിലേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശി മേലെപ്പുറത്ത് ത്വല്‍ഹത് ഹുദവി(29)യുടെ കാലാണ് മുട്ടിനുതാഴെ മുറിച്ചു മാറ്റേണ്ടിവന്നത്.
അണ്ടര്‍ പാസ് വഴി റോഡിനു അപ്പുറത്തേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യവേ, കൊളപ്പുറം ഭാഗത്തുനിന്ന് വന്ന കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് ബസിന്റെ മുൻചക്രം ത്വല്‍ഹത്ത് ഹുദവിയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഹുദവിയുടെ വലതുകാല്‍ മുട്ടിന് താഴെ മുറിച്ചു മാറ്റേണ്ടിവന്നു. ഇടതുകാലിന്റെ തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രധാനറോഡുകളില്‍നിന്ന് സര്‍വിസ് റോഡിലേക്ക് കയറാൻ ദേശീയപാതയില്‍ പുതുതായി നിരവധി അണ്ടര്‍പാസുകളാണ് നിര്‍മിച്ചിട്ടുള്ളത്. പണിപൂര്‍ത്തിയായവ യാത്രക്കായി തുറന്നുകൊടുക്കുകയും ചെയ്‌തു. എന്നാല്‍ അണ്ടര്‍പാസുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ അപകടങ്ങള്‍ പതിവാണ്. അപകടശേഷം ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് റോഡ് നിര്‍മാണ കമ്ബനിയായ കെ.എൻ.ആര്‍.സി.എല്‍ സുരക്ഷ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത്.