നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്.

 


 ആലപ്പുഴ  ചേർത്തല: ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് നിരവധി പേർക്ക് പരിക്ക്. ദേശീയ പാതയിൽ ചേർത്തല അർത്തുങ്കൽ ബൈപ്പാസ് ജംഗ്ഷനു സമീപം ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുത്തിയതോട് കുന്നേൽ സീനത്ത്(62), കോടംതുരുത്ത് തേജസിൽ സോന (43), മുഹമ്മ മറ്റത്തിൽ ആശ സുനീഷ് എന്നിവരെയാണ് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


സീനത്തിന് തലയ്ക്കും മൂക്കിനും കാലിനുമാണ് പരിക്ക്, സോനയ്ക്ക് തലയ്ക്കും, ആശ സുനീഷിന് മൂക്കിനുമാണ് പരുക്കേറ്റത്. ഇന്ന് 12.10ന് ചേർത്തലയിൽ നിന്നും തോപ്പുംപടിയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ ഇടക്കൊച്ചി സ്വദേശി ജയനും എറണാകുളം സ്വദേശിനിയായ കണ്ടക്ടർ അനിമോൾക്കും തോളെല്ലിനും കാലിനും പരുക്കേറ്റിട്ടുണ്ട്. എറണാകുളം ഭാഗത്തുനിന്നും വരുകയായിരുന്ന ആംബുലൻസിനു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി ബസ് ലോറിക്ക് പിന്നിലിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ചേർത്തലയിൽ നിന്നും ഫയർഫോഴ്സും പൊലീസും പ്രദേശവാസികളും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിലെത്തിച്ചത്.

Post a Comment

Previous Post Next Post