നിയന്ത്രണംവിട്ട കാറിടിച്ച്‌ ചുമട്ടുതൊഴിലാളി മരിച്ചു




പത്തനംതിട്ട: പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ അമിത വേഗത്തില്‍ വന്ന എര്‍ട്ടിഗ കാര്‍ ഇടിച്ച്‌ ചുമട്ടു തൊഴിലാളി മരിച്ചു.

തോന്ന്യാമല വഞ്ചിപ്പൊയ്ക നെല്ലിക്കാട്ടില്‍ പ്രസന്നനാണ് (53) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ കുമ്ബഴ വടക്ക് മാര്‍ത്തോമ്മ പള്ളിക്ക് സമീപമായിരുന്നു അപകടം. 

കാറില്‍ സഞ്ചരിച്ചിരുന്ന വലഞ്ചുഴി ചരിവുകാലായില്‍ വിജിത്ത് (20), കോന്നി സ്വദേശി ബ്ലസന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ വിജിത്തിനെ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൈലപ്രയില്‍ നിന്നും കുമ്ബഴ ഭാഗത്തേക്ക് അമിത വേഗത്തില്‍ വന്ന കാറാണ് അപകടം ഉണ്ടാക്കിയത്. സമീപത്ത് തടിവെട്ടിയ ശേഷം ചുളളിക്കമ്ബ് കൊണ്ടു പോകാന്‍ വരുന്ന വാഹനത്തിന് വഴി പറഞ്ഞു കൊടുക്കാനായി മാര്‍ത്തോമ്മ പള്ളിക്ക് മുന്നില്‍ വന്ന് നില്‍ക്കുകയായിരുന്നു പ്രസന്നന്‍. ഇതേസമയം അമിത വേഗത്തില്‍ വന്ന കാര്‍ റോഡില്‍ നിന്ന് ഡിവൈഡറും ഇടിച്ചു തകര്‍ത്ത് പാഞ്ഞു കയറി സൈഡില്‍ നിന്ന പ്രസന്നനെ പളളിയുടെ മതിലിലേക്ക് ചേര്‍ത്ത് ഇടിക്കുകയായിരുന്നു. മതിലും തകര്‍ന്നു. മതിലിനും കാറിനുമിടയില്‍ ശക്തമായ ഇടിയേറ്റ് ഓടയിലേക്ക് വീണ പ്രസന്നന്‍ തല്‍ക്ഷണം മരിച്ചു. 


നാട്ടുകാരും ട്രാഫിക് പോലീസുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വാഹനത്തിനുള്ളില്‍ നിന്ന് ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ബിയര്‍ ബോട്ടിലുകളും കണ്ടെടുത്തു. സിഐടിയു വഞ്ചിപ്പൊയ്ക യൂണിറ്റ് ഭാരവാഹിയാണ് മരിച്ച പ്രസന്നന്‍. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: സുമ. മക്കള്‍:പ്രസീത, പ്രശോഭ. മരുമക്കള്‍: നിധിഷ്, ജിക്കു. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍.

Post a Comment

Previous Post Next Post