തിരുവനന്തപുരം കഴക്കൂട്ടം: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനു ഗുരുതര പരിക്കേറ്റു. നെയ്യാറ്റിൻകര കൃഷ്ണപുരം സ്വദേശി പ്രഭുസൂര്യ(24) ആണ് മരിച്ചത്.
മലപ്പുറം സ്വദേശി അസാദിനെയാണ് ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30-ഓടെ കഴക്കൂട്ടം-ശ്രീകാര്യം റോഡിൽ അമ്പലത്തിങ്കര കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷനു മുന്നിലായിരുന്നു അപകടം.
കാര്യവട്ടം ഭാഗത്തുനിന്നു വരുകയായിരുന്നു ബൈക്ക്. കടയിൽ പച്ചക്കറി ഇറക്കിയശേഷം മറുവശത്തേക്ക് പിക്കപ്പ് വാൻ തിരിയുന്നതിനിടെ അമിതവേഗത്തിൽ വന്ന ബൈക്ക്, പിക്കപ്പ് വാനിന്റെ ഒരു വശത്ത് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് ബൈക്ക് യാത്രക്കാർ അരമണിക്കൂറോളം റോഡുവശത്ത് കിടക്കുകയായിരുന്നു. ഇവരെ കഴക്കൂട്ടം പോലീസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയത്.
പിക്കപ്പ് വാനും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴക്കൂട്ടത്തെ ഒാഡിറ്റോറിയത്തിൽ വിവാഹത്തിന്റെ പന്തൽപണിക്കായി വന്നവരാണ് അപകടത്തിൽപ്പെട്ടത്. അവിടെയുണ്ടായിരുന്ന മറ്റൊരാളിന്റെ ബൈക്ക് എടുത്ത് മറ്റൊരു ഒരു സ്ഥലത്തേക്കു പോകുന്നതിനിടെയായിരുന്നു അപകടം.
