കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാൻ പോയ ആദിവാസിയെ കരടി ആക്രമിച്ച് ഗുരുതര പരിക്കേല്‍പിച്ചു.
ഞായറാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. വണ്ടിപ്പെരിയാര്‍ സത്രം മേഖലയില്‍ താമസിക്കുന്ന ആദിവാസി മലമ്ബണ്ടാര വിഭാഗത്തിലെ കൃഷ്ണൻകുട്ടിക്കാണ് (53) പരിക്കേറ്റത്. കാട്ടിനുള്ളില്‍നിന്ന് തേനും തെള്ളിയും ശേഖരിച്ചാണ് ഇവര്‍ കഴിയുന്നത്. കൃഷ്ണൻകുട്ടിയുടെ തുടയിലാണ് കരടി നഖങ്ങള്‍ കുത്തിയിറക്കിയത്. കൈകള്‍ക്കും കരടിയുടെ കടിയേറ്റ് പരിക്കേറ്റിട്ടുണ്ട്.
നിലവിളികേട്ട് ഓടിയെത്തിയ വളര്‍ത്തുനായ് കരടിയെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ കൃഷ്ണൻകുട്ടിയെ ഉപേക്ഷിച്ച് കരടി നായുടെ പിന്നാലെ പോയതോടെയാണ് ജീവൻ രക്ഷിക്കാനായത്. കാട്ടിനുള്ളില്‍നിന്ന് അവശനിലയില്‍ പുറത്തെത്തിയ കൃഷ്ണൻകുട്ടിയെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു
