ബഗളൂരു: നെലമംഗല ദേശീയപാത നാലില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. വയനാട് മേപ്പാടി സ്വദേശി അനില്‍കുമാര്‍ (48) ആണ് മരിച്ചത്
.ബംഗളൂരു ജാലഹള്ളി ഷെട്ടിഹള്ളി നന്ദന ലേഔട്ടിലാണ് താമസം. ഷെട്ടിഹള്ളിയില്‍ കൃഷ്ണ പേപ്പര്‍ പ്രൊഡക്‌ട്സ് എന്ന സ്ഥാപന ഉടമയാണ്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ നെലമംഗലയില്‍നിന്ന് താമസസ്ഥലത്തേക്ക് കെ.എ. 04 എൻ.ബി 5879 രജിസ്ട്രേഷൻ കാറില്‍ പോകവെ അഞ്ചേപാളയയിലാണ് അപകടം.
തീപടര്‍ന്നതോടെ കാറിലെ സി.എൻ.ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ ആക്കം കൂട്ടി. കാറില്‍ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറഞ്ഞു. കാറില്‍ തീ കണ്ടതിനെ തുടര്‍ന്ന് അനില്‍കുമാര്‍ വാഹനം നിര്‍ത്തി നാട്ടുകാരോട് തന്നെ രക്ഷപ്പെടുത്താൻ അഭ്യര്‍ഥിച്ചു. എന്നാല്‍, കാറിന്റെ വാതില്‍ തുറക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. വാഹനത്തിന്റെ ചില്ല് തകര്‍ത്ത് അനില്‍കുമാറിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ അതും ഫലം കണ്ടില്ല. സി.എൻ.ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ കാര്‍ പൂര്‍ണമായും തീ വിഴുങ്ങി. നെലമംഗല ട്രാഫിക് പൊലീസും അഗ്നി രക്ഷാ സേനയും സംഭവസ്ഥലത്തെത്തി.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍ നീക്കി പൊലീസ് ഗതാഗതം പുനഃസ്ഥാപിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. രതിയാണ് അനില്‍കുമാറിന്റെ ഭാര്യ. വിദ്യാര്‍ഥികളായ അരുണ്‍ കൃഷ്ണ, അജയ് കൃഷ്ണ എനിവര്‍ മക്കളാണ്. സംസ്കാരം ബുധനാഴ്ച ബംഗളൂരുവില്‍ നടക്കും.
